ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് തങ്ങളുടെ ശരീരത്തെക്കുറിച്ചും സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ സ്പര്ശനങ്ങള് (ഗുഡ് ടച്ച്, ബാഡ് ടച്ച്) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും സമ്മതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രാഥമിക വിദ്യാഭ്യാസ തലം മുതല്‍ പ്രായത്തിനനുസൃതമായി പഠിപ്പിക്കണമെന്ന് സുപ്രീംകോടതി. ലൈംഗിക വിദ്യാഭ്യാസവും ഡിജിറ്റല്‍ സുരക്ഷാ ബോധവത്കരണവും പഠനത്തിന്റെ ഭാഗമാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമത്തെക്കുറിച്ചും ബന്ധപ്പെട്ട വിവരസാങ്കേതികവിദ്യാ നിയമത്തെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കണം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കാണുക, കൈവശം സൂക്ഷിക്കുക, പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളിലെ നിയമവ്യവസ്ഥകളും ശിക്ഷകളും ചൂഷണത്തിനിരയായവര്ക്കുള്ള പരിരക്ഷകളും പ്രത്യേകം പരിചയപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.
കുട്ടികളെ കേന്ദ്രമാക്കിയുള്ള ലൈംഗിക ചൂഷണത്തിന്റെയും ദുരുപയോഗത്തിന്റെയും ദൃശ്യങ്ങളും വിവരങ്ങളും ഓണ്‍ലൈനിലൂടെ പ്രചരിക്കുന്നത് തടയാനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ചുള്ള പരിശോധനയ്ക്കിടയാണ് ജസ്റ്റീസുമാരായ ജെബി പാര്‍ഡിവാല, കെ. വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ നിര്‍ദേശം.
അധ്യാപകര്‍ക്കും പരിശീലനം നല്‍കണം
കുട്ടികളെ പ്രലോഭിപ്പിച്ച് ചൂഷണത്തിനിരയാക്കുന്ന ഗ്രൂമിംഗ്, ലൈംഗികാതിക്രമം, ഓണ്‍ലൈന്‍ പീഡനം എന്നിവയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാനും കുട്ടികള്‍ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ ഉചിതമായി പ്രതികരിക്കാനും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പരിശീലനം നല്‍കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശം
ഹാനികരമായ ഉള്ളടക്കങ്ങളുള്ള ദൃശ്യങ്ങളിലേക്കടക്കം പ്രവേശനം തടയുന്നതിന് സ്കൂളുകളിലെയും വിദ്യാഭ്യാസ സഥാപനങ്ങളിലെയും ഡിജിറ്റല്‍ ഉപകരണങ്ങളിലും നെറ്റ്വര്‍ക്കുകളിലും ഫില്‍ട്ടറുകള്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.